2009, സെപ്റ്റംബർ 12, ശനിയാഴ്‌ച

ഒരു നാടന്‍പാട്ട്‌

ഒരു നാടന്‍പാട്ട്‌

കുറവന്‍: കാക്കക്കറുമ്പി എന്‍ കുറത്തി
കണ്ട നാളു മറന്നല്ലോ
കണ്ട കാലമൊരൊന്നല്ല രണ്ടല്ല
കൊല്ലമഞ്ചുകഴിഞ്ഞല്ലോ!
കൊല്ലമഞ്ചുകഴിഞ്ഞപ്പോള്‍ പെണ്ണേ
പത്തുമാറ്റുകവിഞ്ഞല്ലോ
പത്തുമാറ്റുകവിഞ്ഞതുപോരാതെ
പട്ടുപോലെ തുടുത്തല്ലോ!
പത്തുനാളു കഴിയുമ്പോളേക്കുനാം
ഒത്തുചേര്‍ന്നുകഴിയുമല്ലോ!

കുറത്തി: കാക്കകറുമ്പ എന്‍ കുറവ
കണ്ടനാളുമറന്നില്ല ഞാന്‍
കണ്ടവാറെ വഴിയേറെ ചെന്നപ്പോള്‍
കാട്‌ പൂത്തത്‌ കണ്ടില്ലേ?
കാടുപൂത്തുനിരന്നു നിന്നപ്പോള്‍
കാട്ടുതേനിനു പോയില്ലേ?
കാട്ടുതേനിനുപോയിമടങ്ങുമ്പോള്‍
കൂട്ടം തെറ്റിപ്പോയില്ലേ?
കൂട്ടംതെറ്റി തിരഞ്ഞുവിരയുമ്പോള്‍
നീലിപ്പെണ്ണിനെ കണ്ടല്ലോ
നീലിപ്പെണ്ണിനകമ്പടിയായപ്പോള്‍
നീലമലയില്‍ പോയല്ലോ...

കുറവന്‍: നീലമലയില്‍ പോയപ്പോളന്നു നീ
നീലക്കുറിഞ്ഞികള്‍ കണ്ടോ നീ?
നീലക്കുറിഞ്ഞികള്‍ കണ്ട വേളയില്‍
കാക്കക്കറുമ്പനെയോര്‍ത്തോ നീ?

കുറത്തി:നീലക്കുറിഞ്ഞികള്‍ കണ്ട വേളയില്‍
കാകക്കറുമ്പനെയോര്‍ത്തല്ലോ
കാക്കക്കറുമ്പനെയോര്‍ത്തവേളയില്‍
കരളിന്നകം കുളുര്‍ത്തല്ലോ!
കരളു കുളിര്‍ത്തു തെളിഞ്ഞ നേരം
കാലം തെളിഞ്ഞു വന്നല്ലോ!
കാലം തെളിഞ്ഞു വന്ന നേരം
കാക്കകറുമ്പനെ കണ്ടല്ലോ! എന്‍
ജീവനാഥനെ കണ്ടല്ലോ!

കാക്കക്കറുമ്പ എന്‍ കുറവ
കാലം പോയതറിയുന്നു
കാലം മാറുന്നു കോലം മാറുന്നു
കാറും കോളും തിമിര്‍ക്കുന്നു
കാടു തീരിന്നു നാടു തീരുന്നു
കാലന്‍ പോറ്റി ചിരിക്കുന്നു
കാലം കലികാലമെന്നു ചൊല്ലുന്നു
കേടു മാത്രം പടരുന്നു എങ്ങും
കേടു മാത്രം പടരുന്നു...
        ++++++++++++++++++

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ